AV School of Painting, Kalalayam, Haripad

എ. വി. സ്കൂൾ ഓഫ് പെയിന്റിങ് (കലാലയം)

1950-കളിൽ, ഹരിപ്പാട് തുലാംപറമ്പ് നടുവത്തുമുറി ശ്രീരംഗത്തുവാര്യത്ത് വസിച്ചിരുന്ന ചിത്രകലാധ്യാപകൻ ശ്രീ. ചുനക്കര ആർ. അച്യുതവാര്യർ ഒരു മനോഹരമായ മഹാഗണപതി ചിത്രം വരച്ചു. ഈ ചിത്രം അദ്ദേഹത്തിന്റെ കലാവാസനയുടെയും ആത്മീയ അനുഭവങ്ങളുടെയും സംയോജനമായിരുന്നു.

കലാലയ മഹാഗണപതി ക്ഷേത്രം: ഒരു കലാകാരന്റെ ദർശനം

പ്രസ്തുത ചിത്രം വരച്ചതോടെ, നാട്ടിലെ കുട്ടികളിൽ ചിത്രകല വളർത്തണം എന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായി. കലാവിദ്യ ദൈവാരാധനയുടെ ഭാഗമാണെന്ന ബോധ്യം അദ്ദേഹത്തിൽ ഉറച്ചു. തുടർന്ന് 1959 ഏപ്രിൽ 14-ന് വിഷുദിനത്തിൽ, താൻ വരച്ച മഹാഗണപതി ചിത്രത്തെ ഉപാസനാമൂർത്തിയായി കണക്കാക്കി എ. വി. സ്കൂൾ ഓഫ് പെയിന്റിങ് (കലാലയം) സ്ഥാപിച്ചു.

ജാതിമതഭേദമന്യേ എല്ലാ കുട്ടികളും ഈ ചിത്രത്തിന് മുന്നിൽ വണങ്ങി വിദ്യാരംഭം കുറിച്ചു. കലാലയത്തിൽ നിന്ന് പഠിച്ച നിരവധി പേർക്ക് ചിത്രകല ഉപജീവനമായി മാറിയത് ചരിത്രം. അച്യുതവാര്യരും കുട്ടികളും ഈ വിജയത്തിന് പിന്നിൽ മഹാഗണപതിയുടെ അനുഗ്രഹമാണെന്ന് വിശ്വസിച്ചു.

കാലക്രമേണ, കുടുംബത്തിലും നാട്ടിലും ഈ ചിത്രത്തിനുള്ള ഭക്തി വർദ്ധിച്ചു. 1987 ഏപ്രിൽ 15-ന് വിഷുദിനത്തിൽ, “തുമ്പിക്കയ്യിലമർന്ന…” എന്ന ധ്യാനശ്ലോകം ആധാരമാക്കി ഒരു വലിയ എണ്ണച്ചായ ഗണപതി ചിത്രവും, ഗണപതി രൂപവും കലാലയത്തിൽ സ്ഥാപിച്ചു. അദ്ദേഹം രചിച്ച ഗണപതി സ്തുതികൾ ഈ ക്ഷേത്രത്തെ കൂടുതൽ പവിത്രമാക്കി.

ഇന്നും സങ്കടഹരനായ വിഘ്‌നേശ്വരനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ പവിത്രത അച്യുതവാര്യരുടെ കുടുംബം ഭക്തിയാദരത്തോടെ പരിപാലിക്കുന്നു. അദ്ദേഹത്തിന്റെ മകൻ ശ്രീ. കലാധര വാര്യർ ക്ഷേത്രത്തിന്റെ പ്രധാന ചുമതലകൾ വഹിക്കുന്നു.

You cannot copy content of this page